കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കാൻ
 
കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി 2018 ലെ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച എട്ടു ജില്ലകളിൽ കാർഷിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സമഗ്ര പദ്ധതി പുരോഗമിക്കുന്നു. 
 
കൃഷിയിൽ മികവും, വൈവിധ്യവും, കാര്യക്ഷമതയും പ്രകടിപ്പിക്കുന്ന കർഷകരെ തെരഞ്ഞെടുത്ത് ഫാം സ്കൂളുകൾ ആരംഭിക്കുകയും ഇതുവഴി കാർഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഓരോ ജില്ലയിൽ നിന്നും കണ്ടെത്തിയ 200ലധികം കർഷകരിൽ നിന്നും 100  മികച്ച സംരക്ഷക കർഷകരെ, വിദഗ്ധർ കൃഷിയിട സന്ദർശനം നടത്തി തിരഞ്ഞെടുത്തു. പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുകയും, നാടൻ കൃഷി അറിവുകൾ സൂക്ഷിക്കുകയും, കൂടുതൽ ജൈവവൈവിധ്യമുള്ള ബഹുവിള കൃഷി സമ്പ്രദായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുത്ത സംരക്ഷക കർഷകർക്ക് (custodian farmers) 5000 രൂപ വീതം സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി നൽകി വരുന്നു.  ജില്ലാതലത്തിൽ തിരഞ്ഞെടുത്ത നൂറിൽ, ഇരുപത് പേർക്ക് മികച്ച സംരക്ഷണ പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നതിനും, തങ്ങളുടെ അറിവുകളും സംരക്ഷണ പ്രവൃത്തികളും മറ്റു കർഷകർക്കും കൂടി പകർന്ന് കൊടുത്തുകൊണ്ട് മാത്യകാപരമായി ഫാം സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുമായി 50000 രൂപ വീതം നൽകും.
 
ജൈവ വൈവിധ്യത്തിന് പ്രാധാന്യം നൽകി മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്യുന്നവരും ഫാം സ്കൂളിന് അനുയോജ്യമായ സ്ഥലസൗകര്യമുള്ളവരെയുമാണ് പരിഗണിച്ചത്. മേൽത്തരം വിത്തിനങ്ങൾ, സുസ്ഥിര കൃഷി രീതികൾ, ജൈവ വൈവിധ്യവും മണ്ണിൻ്റെ ഫലപുഷ്ടിയും നില നിർത്താനുള്ള  മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച പ്രായോഗിക അറിവുകൾ ഇവർ ഫാം സ്കൂളിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകൾ വഴി മറ്റു കർഷകർക്ക് നൽകും. അതാതു ജില്ലകളിലെ തിരഞ്ഞെടുത്ത 20 കർഷകർക്ക് ബോധവത്ക്കരണ ക്ലാസ്സുകളും (ട്രെയിനേഴ്സ് ട്രെയിനിംഗ്)  നടത്തി വരുന്നു. ഇതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നവംബർ 30 ന് തൃശ്ശൂർ ജില്ലയിൽ ബോർഡ് ചെയർമാൻ്റെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. നിലവിൽ ജില്ലകളിൽ ട്രെയിനേഴ്സ് ട്രെയിനിംഗ് നടത്തുകയും ഫാം സ്കൂളുകളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഈ പദ്ധതിയോടനുബന്ധിച്ച് കാർഷിക പൈത്യക കേന്ദ്രങ്ങൾ കണ്ടെത്തി പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
 
ട്രെയിനേഴ്സ് ട്രെയിനിംഗ്