ഉൾനാടൻ മത്സ്യസംരക്ഷണ (ഊത്ത സംരക്ഷണ) പദ്ധതി
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ട ഉൾനാടൻ മത്സ്യസംരക്ഷണ (ഊത്ത സംരക്ഷണ) പദ്ധതി ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ പമ്പാ നദിയിൽ നിക്ഷേപിക്കൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.ബി. ബോർഡ് മെമ്പർ ശ്രീ. കെ. വി. ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ആറൻമുള പരപ്പുഴ കടവിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ചടങ്ങിൽ കെ.എസ്.ബി.ബി. ബോർഡ് മെമ്പർ ഡോ. കെ. സതീഷ് കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി അദ്ധ്യക്ഷയുമായ ശ്രീമതി മിനി ജിജു ജോസഫ് സ്വാഗതവും കെ.എസ്.ബി.ബി ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ നന്ദിയും ആശംസിച്ചു.
കെ.എസ്.ബി.ബി. റിസർച്ച് ഓഫീസർ ഡോ. കെ ശ്രീധരൻ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല വാസു, ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ. ജിജി ചെറിയാൻ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ശ്രീലേഖ എസ്, ശ്രീമതി. റോസമ്മ മത്തായി, ശ്രീമതി. സി.ആർ. സതീദേവി, ശ്രീ. ഉത്തമൻ പുരുഷോത്തമൻ, ബി.എം.സി കൺവീനർ ശ്രീ. ഉണ്ണികൃഷ്ണൻ ബി.എം.സി അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു. കേരളത്തിലെ ഉൾനാടൻ മത്സ്യങ്ങൾ വൻതോതിൽ പ്രജനനം നടത്തുന്ന കാലമാണ് ഊത്തയിളക്കം എന്നറിയപ്പെടുന്നത്. ഇടവപ്പാതിയുടെ തുടക്കത്തോടെ പുഴകളിൽ നിന്നും മത്സ്യങ്ങൾ പ്രജനനത്തിനായി നെൽപ്പാടങ്ങളിലും ചാലുകളിലും മറ്റും എത്തുന്നു. ഈ കാലയളവിലെ വ്യാപകമായ മത്സ്യബന്ധനം ഇവയുടെ പ്രജനനം തടസ്സപ്പെടുത്തുകയും ക്രമാനുഗതമായി നദിയിലെ മത്സ്യസമ്പത്തിന് ഗണ്യമായ ശോഷണം സംഭവിക്കുകയും ചെയ്യുന്നു. ഊത്ത കാലത്തെ മത്സ്യബന്ധനം പൂർണമായും ഇല്ലാതായാൽ മാത്രമേ ഈ മത്സ്യങ്ങൾക്ക് സുരക്ഷിതമായി വംശവർദ്ധനവ് നടത്തുന്നതിനും മത്സ്യസമ്പത്ത് കൂട്ടുന്നതിനും ഇടയാകുകയുള്ളു. . ഊത്ത സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ സഹകരണത്തോടെ മത്സ്യങ്ങളെ നാട്ടുകുളങ്ങളിലും വീട്ടു കുളങ്ങളിലും സംരക്ഷിച്ച് മത്സ്യ കുഞ്ഞുങ്ങളെ പുഴകളിൽ തിരികെ വിടാനുള്ള ജൈവവൈവിധ്യ ബോർഡിന്റെ ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതി പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, മാന്നാർ, കോട്ടയം ജില്ലയിലെ കോരുത്തോട്, എറണാകുളം ജില്ലയിലെ രാമമംഗലം, വാളകം, തൃശ്ശൂർ ജില്ലയിലെ അന്നമനട, കുഴൂർ, എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് നടപ്പിലാക്കുന്നത്. പ്രജനന ശേഷം മത്സ്യകുഞ്ഞുങ്ങളെ പമ്പാ, മീനിച്ചലാർ, പെരിയാർ, ചാലിയാർ, എന്നീ നദികളിലേക്ക് നിക്ഷേപിക്കുന്നത്. മഞ്ഞക്കൂരി, കാരി, കല്ലേമുട്ടി, വയമ്പ് എന്നീയിനങ്ങളിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് പമ്പാ നദിയിൽ ആദ്യഘട്ടത്തിൽ നിക്ഷേപിച്ചത്.