എ.ബി.എസ്

ജൈവവിഭവങ്ങളുടെ സ്വായത്തമാക്കലും, അതിന്റെ പ്രയോജനങ്ങളുടെ നീതിപൂര്‍വമായ പങ്കുവയ്ക്കലും (Access and Benefit Sharing) പ്രാവര്‍ത്തികമാക്കല്‍

ഹരിത (Access and Benefit Sharing) നയം

ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ജനിതക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പ്രാപ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതിപൂര്‍വവുമായ പങ്കുവയ്ക്കല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സുതാര്യവും നിയമപരവുമായ ഒരു ചട്ടക്കൂട് 2014 ഒക്‌ടോബര്‍ 12-ലെ നഗോയ ഉടമ്പടി നല്‍കുന്നു. ആയുര്‍വേദ ഔഷധങ്ങള്‍, സമുദ്രവിഭവങ്ങള്‍, വിത്തുകള്‍, സുഗന്ധദ്രവ്യങ്ങള്‍, തോട്ടം എന്നിവയാണ് കേരളത്തില്‍ എ.ബി.എസ്. ബാധകമായ ചില മേഖലകള്‍. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് കേരള സംസ്ഥാനത്തിന്റെ എ.ബി.എസ്. നയത്തിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും കരട് തയ്യാറാക്കിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് അതിലെ പ്രധാന ലക്ഷ്യങ്ങള്‍.

 

  • എ.ബി.എസ്. പ്രവര്‍ത്തനസംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകേണ്ടതിന്റെ കാരണവും ഉദ്ദേശ്യങ്ങളും സമഗ്രമായി വിശദീകരിക്കുക;
  • സംസ്ഥാനത്ത് എ.ബി.എസ്. സംവിധാനം നടപ്പിലാക്കുന്നതില്‍ വിവിധമേഖലകളുടെയും മധ്യസ്ഥരുടെയും കര്‍ത്തവ്യമെന്തെന്ന് വിശദമാക്കുക.
  • ജൈവവൈവിധ്യ നിയമം വകുപ്പ് 7, കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നതിനുസരിച്ച് എ.ബി.എസ്. പ്രവര്‍ത്തനരീതികള്‍ നിര്‍ദ്ദേശിക്കുക;
  • ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരോപയോഗം എന്നിവ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സംസ്ഥാനതല എ.ബി.എസ്. പ്രവര്‍ത്തനരീതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുക.
  • എല്ലാറ്റിനുപരിയായി താഴെപ്പറയുന്ന മുഖ്യ ഘടകങ്ങള്‍ ഉള്‍പ്പടുത്തിക്കൊണ്ടാണ് സംസ്ഥാന എ.ബി.എസ്. നയവും മാര്‍ഗനിര്‍ദ്ദേശങ്ങളും വികസിപ്പിച്ചിട്ടുള്ളത്.
  • ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരപരിപാലനം, പ്രയോജനങ്ങളുടെ പങ്കുവയ്ക്കല്‍ എന്നിവയില്‍ കേരളത്തിന്റെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
  • കേരളത്തിന്റെ ജൈവവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരോപയോഗവും പ്രോത്സാഹിപ്പിക്കുക.
  • ശാസ്ത്ര-സാങ്കേതികരംഗത്തെ ഗവേഷണത്തെയും കണ്ടുപിടുത്തത്തെയും സഹായിക്കുക.
  • ഒരു സുസ്ഥിര സാമ്പത്തികോപാധിയായി എ.ബി.എസിനെ പരിഗണിച്ചുകൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുക.


പരിസ്ഥിതിയും വികസനവും, സാമ്പത്തിക സംതുലനം, കാര്യക്ഷമത എന്നീ തത്വങ്ങളിലധിഷ്ഠിതമാണ് ഹരിത എ.ബി.എസ്. നയത്തിന്റെ കരട്. എ.ബി.എസ്. പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായിട്ടുള്ളവര്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ മരം വച്ചുപിടിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നുള്ളതാണ് എ.ബി.എസ്. പ്രവര്‍ത്തനരീതിയിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. എ.ബി.എസിലൂടെ ലഭ്യമാകുന്ന നേട്ടങ്ങള്‍ തിരികെ ജൈവവിഭവങ്ങളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തുമെന്ന് ഈ നയം വ്യക്തമാക്കുന്നതോടൊപ്പം അത്തരത്തിലുള്ള സേവനം ലഭ്യമാക്കാനാണ് അതില്‍ ഭാഗഭാക്കായിട്ടുള്ളവരോട് ഇത് ആവശ്യപ്പെടുന്നത്. ജനിതകവിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരോപയോഗത്തിനും പ്രചോദനം നല്‍കുന്നതോടൊപ്പം വികസനത്തിനും മനുഷ്യനന്മയ്ക്കും ജൈവവൈവിധ്യം പ്രയോജനപ്പെടുത്തുന്നതിനും ഹരിത എ.ബി.എസ്. നയം സഹായകമാണ്. ഈ നയം അംഗീകരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു

MoEF പ്രഖ്യാപിച്ചിട്ടുള്ള ജൈവജാതിയിനങ്ങളുടെ സംരക്ഷണം
 
ജൈവവൈവിധ്യ നിയമം 2002, വകുപ്പ് 38 പ്രകാരം കേരളത്തിലെ 26 സസ്യയിനങ്ങളും 13 ജന്തുയിനങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്ന് ബോര്‍ഡ് ഈ ജൈവജാതിയിനങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടത്തുന്നുണ്ട്‌.

 


വിദഗ്ധസമിതിയുടെ രൂപീകരണം

ജൈവവൈവിധ്യ നിയമ വ്യവസ്ഥകള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ജന്തു-മത്സ്യ ജൈവവൈവിധ്യം, പരമ്പരാഗതയിനങ്ങളുടെ സംരക്ഷണം, വന്യപുഷ്പ വൈവിധ്യം, കടന്നുകയറ്റക്കാരായ സസ്യ-ജന്തുക്കള്‍, എ.ബി.എസ്. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍, ജൈവവിഭവുമായി ബന്ധപ്പെട്ട ഐ.പി.ആര്‍. പ്രശ്‌നങ്ങള്‍, ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റുകളുടെ പ്രഖ്യാപനവും പരിപാലനവും, നീര്‍ത്തട ആവാസവ്യവസ്ഥകളുടെ സംരക്ഷണം, കേരളത്തിലെ പാരിസ്ഥിതിക ജൈവവൈവിധ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനത്തെ സസ്യ-ജന്തുവൈവിധ്യത്തിന്റെ ഡാറ്റാബേസ് വികസിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, MoEF പ്രഖ്യാപിച്ച വംശനാശഭീഷണി നേരിടുന്ന ജൈവജാതിയിനങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, ജൈവവൈവിധ്യ നിയമം 2002, വകുപ്പ് 38 പ്രകാരം വംശനാശം നേരിടുന്നവയായി പ്രഖ്യാപിക്കാവുന്ന ജൈവജാതിയിനങ്ങളെ തിരിച്ചറിയുക, റ്റി.എസ്.ജി.യുമായി ചേര്‍ന്ന് ജില്ലാതല ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുക, നാടന്‍ കന്നുകാലിയിനങ്ങളുടെയും തനതു മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, പി.ബി.ആര്‍. നവീകരണം, കടന്നുകയറ്റക്കാരായവയും വിദേശീയ ഇനങ്ങളുമായിട്ടുള്ള സസ്യജന്തുയിനങ്ങളെ തിരിച്ചറിയുക, എ.ബി.എസ്. അപേക്ഷകളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സഹായിക്കുക, ജൈവവൈവിധ്യ നിയമം, നോട്ടിഫിക്കേഷനുകള്‍ എന്നിവയ്ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക തുടങ്ങിയവയാണ് വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനമേഖല.